Tuesday, 28 June 2011

പെണ്‍പിറവി


നീ വൃദ്ധനായിരിക്കുന്നു ,
തളര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ കത്തിയമര്‍ന്ന 
പൂക്കുറ്റിപോലെ.
വിരിമാറ് കമ്പ്ഒടിഞ്ഞ മുറം പോലെ .
നീ പരിഭ്രാന്തനാണ് .
ഏറെക്കാലമായല്ലോ 
നീ സമുദ്രത്തെ തളയ്ക്കാന്‍ തുടങ്ങിയിട്ട് . 
കയ്യിലെ ആ കത്തുന്ന വാള്‍ 
ഇനി നിനക്കെന്തിനാണ് ?
നീ കാണാത്ത പൂരങ്ങളില്ല
കേള്‍ക്കാത്ത പാട്ടുകളില്ല 
പറക്കാത്ത ആകാശങ്ങളുമില്ല
അറിയാനും പറയാനും 
ഇനി നിനക്കെന്തുണ്ട് ബാക്കി ?
നിനക്ക് വയസ്സായി ..........
പക്ഷേ
ഞാനിപ്പോള്‍ പിറന്നതേയുള്ളൂ.
പറഞ്ഞു തുടങ്ങുന്നതേയുള്ളൂ 
നടന്നു പഠിക്കുന്നതേയുള്ളൂ   
ഇനി ഊഴം എന്റേതാണ് .

Sunday, 26 June 2011

കാളി ദാസി

അകത്ത് കവിതകള്‍
പുറത്തു കടമകള്‍
അകത്ത് നീലനിലാവ്
പുറത്തു കത്തുന്ന വെയില്‍
അകത്ത് കാളി
പുറത്തു ദാസി
പുറത്തു നിന്ന് പൂട്ടിയ വാതില്‍
തുറക്കാവാനാവാതെ ഞാന്‍ ..........................