Sunday, 29 May 2011

കൊണ്ടാട്ടം

വയലിന്‍ മടിത്തുമ്പില്‍
സ്വപ്നങ്ങളാല്‍ വലകള്‍ നെയ്ത്
കാറ്റിനോട് കളിപറഞ്ഞ്
ചെടിയോടു ചേര്‍ന്ന് നിന്ന കാലം 
എന്റെ മെയ്യും മനവും മൃദുവായിരുന്നു -
ഇളംപച്ചപ്പിന്റെ തുടുപ്പ്‌
തിളങ്ങുന്ന മിനുപ്പ്
നനവിന്റെ മിടിപ്പ് .
ചെടിയില്‍ നിന്നടര്‍ന്നു
എങ്ങോ ചെന്നെത്തിയപ്പോഴേക്കും
കാറ്റ് എന്റെ ജീവജലമേറെയും
വറ്റിച്ചു കളഞ്ഞിരുന്നു 
പിന്നീടെന്നെ കൊത്തിനുറുക്കി
വേവിച്ചൂറ്റിയപ്പോഴും
ആത്മാവുമാത്രം നുറുങ്ങിയില്ല , 
വെന്തതുമില്ല.
ബാക്കിവന്ന ചോരയും നീരും  
കത്തുന്ന വെയിലും ഊറ്റിയെടുത്തു  
അങ്ങനെ ഞാന്‍ 
കറുത്ത് ഉണങ്ങി
കൊണ്ടാട്ടമായി മാറി ....
ഇപ്പോള്‍ ഞാന്‍
അടുത്ത ഊഴവുംകാത്ത്
ഒരു ഭരണിക്കുള്ളില്‍
അടങ്ങിയിരിപ്പാണ്
തിളയ്ക്കുന്ന എണ്ണയിലേക്ക്
എന്നെയൊന്നെറിഞ്ഞു നോക്കൂ
അപ്പോള്‍ കാണാം
ആത്മവീര്യത്തോടെ
തലയുയര്‍ത്തി
ഞാന്‍ പൊങ്ങിപ്പൊങ്ങി വരുന്നത്
കടിച്ചാല്‍ പൊട്ടാത്തവണ്ണം 
മൊരിയുന്നത് ....  

Friday, 27 May 2011

ആകാശത്തിന്റെ പ്രണയികള്‍

പല പറവകള്‍ക്കും
മരക്കൊമ്പുകളില്‍ കൂടുകൂട്ടാനാണിഷ്ടം 
ഉയര്‍ന്ന ചില്ലകളിലേക്ക്
അവയെപ്പോഴും
കാഴ്ചയെ കൂര്‍പ്പിച്ചു വെയ്ക്കും
ആരവത്തോടെ ചിറകടിച്ചു പറന്നുയരും
പുല്‍ക്കൊടിയും പൂവും
എത്ര താഴെയെന്നു പരിതപിക്കും
എന്നാല്‍
അതിരില്ലാത്ത ആകാശത്തില്‍
ഉടല്‍ തളരുവോളം
കാറ്റ്‌ പോലലയാനാണ്
മേഘത്തിന്റെ ഭാഷയറിയുന്ന
അപൂര്‍വം പക്ഷികള്‍ക്കിഷ്ട്ടം
അവ,
മഴവില്ലില്‍നിന്ന്
നിറങ്ങള്‍ തൊട്ട് ചിറകുകളാല്‍
ചിത്രമെഴുതുന്നു
ഹൃദയത്തിന്റെ ചുവപ്പ്
സന്ധ്യകള്‍ക്ക് പകര്‍ന്നേകുന്നു
പകലറുതിക‍ളില്‍
ചേക്കേറാതെ
നിലാവില്‍ നൃത്തമാടുന്നു ....

അവര്‍ ആകാശത്തിന്റെ പ്രണയികള്‍


‍   ‍   

Wednesday, 25 May 2011

ഫുള്‍ സ്റ്റോപ്പ്‌

നീളത്തിലൂടെയും
വീതിയിലൂടെയും 
ഉയരത്തിലൂടെയും 
അടയാളപ്പെടുത്താനാവാത്ത  
മറ്റനേകം മാനങ്ങളിലൂടെയും 
ഞാന്‍ പെരുകുമെന്നും 
കത്തിപ്പടരുമെന്നും 
പേടിച്ചാണ് 
മറ്റെല്ലാ അക്ഷങ്ങളും വെട്ടി മാറ്റി 
നീയെന്നെ ഒരു നേര്‍വരയാക്കിയത്  
എന്നിട്ടും 
മുന കൂര്‍പ്പിച്ച് കൂര്‍പ്പിച്ച്
ഒരു അമ്പാക്കി മാറ്റി
ആകാശത്തേയും തുളച്ചു ഞാന്‍
പറക്കുമെന്നായപ്പോള്‍ 
പിന്നെയും പകുത്തു പകുത്തു 
നീയെന്നെ ഒരു ബിന്ദുവിലൊതുക്കി
ഇനിയുമെന്നെ വെട്ടി മുറിക്കാനോ 
മായ്ച്ചു കളയാനോ 
നിനക്കാവില്ല 
കാരണം 
നിന്‍റെ വാക്യങ്ങളെല്ലാം 
അര്‍ത്ഥപൂര്‍ണ്ണങ്ങളായി
അവസാനിക്കണമെങ്കില്‍
അടയാളപ്പെടുത്താന്‍
എന്നെത്തന്നെ വേണ്ടേ
നിനക്ക്?

Monday, 23 May 2011

അടിവരകള്‍
ഇഷ്ട്ടപ്പെട്ട വരികള്‍ക്ക് താഴെ
അടിവരയിടുന്ന പതിവുണ്ടായിരുന്നു
അവള്‍ക്ക്‌
എന്നാല്‍
ഒരിക്കലുമവ
നേര്‍വരകളാവാറില്ല
താഴോട്ടിറങ്ങിയും
മേലോട്ട് കയറിയും
വളഞ്ഞുപുളഞ്ഞും
അത് വാക്കുകളുടെ
നെഞ്ച് പിളര്‍ക്കും
അക്ഷരങ്ങളെ മറയ്ക്കും
അതില്‍പ്പിന്നെയാണ്
പ്രിയപ്പെട്ടവയൊന്നും,
പ്രധാനപ്പെട്ടവയൊന്നും
അടിവരയിടാതെ
വിട്ടുകളയാന്‍
അവള്‍ തീരുമാനിച്ചത്

Sunday, 22 May 2011

കാവല്‍

വിത്തെറിഞ്ഞു
കാത്തിരിക്കുകയേ വേണ്ടി വന്നുള്ളൂ
നീ മുളച്ചുപൊങ്ങാന്‍
കണ്ണടച്ച് തുറക്കും മുമ്പാണ്
തളിരുകള്‍ തിരിനീട്ടി
രണ്ടായി നാലായി എട്ടായി വിടര്‍ന്നത്
കാറ്റിനിടോത്തു നീ
താളമിട്ടു തുടങ്ങിയത്


താനേ വിടര്‍ന്നൊരു
പൂമരമാകുമെന്നാണ് നിനച്ചത്‌
പക്ഷെ
ഇളം മെയ്യിന്റെ വാട്ടം
കത്തുന്ന വേനലിന്‍റെ വരവറിയിച്ചപ്പോള്‍
പന്തലിട്ടു, തടമെടുത്തു
വെള്ളം കോരി നനച്ചു
അരുമയാര്‍ന്ന നിന്റെ
ചിരിച്ചന്തംകണ്ടു മതിമറന്നപ്പോള്‍
കണ്ടു
പുഴുക്കുത്തേറ്റ ഇലകളും
മുരടിച്ച ചില്ലകളും
നിന്റെ കരള്‍ കൊത്തുന്ന കീടങ്ങളെ
ഒന്നോന്നായ്‌ നുള്ളിയെടുത്തെറിഞ്ഞു
കുളിര്‍ മെയ്‌ കൂമ്പാന്‍ തുടങ്ങിയപ്പോള്‍
വര്‍ഷം വന്നതറിഞ്ഞു
തോരാത്ത മഴയില്‍ നീ
കുഴഞ്ഞു വീഴാതിരിക്കാന്‍
ഞാന്‍ നിനക്ക് കുട പിടിച്ചു
കൊടും കാറ്റില്‍ കട പുഴകാതിരിക്കാന്‍
ഞാന്‍ നിനക്ക് കുടപിടിച്ചു
കൊടുങ്കാറ്റില്‍ കട പുഴകാതിരിക്കാന്‍
നെഞ്ചോടു ചേര്‍ത്തു വെച്ചു
ഉതിര്‍മഞ്ഞില്‍ ഇലപൊഴിക്കാതിരിക്കാന്‍
എന്റെ ചൂട് പകര്‍ന്നു തന്നു
നീ പടര്‍ന്നു പന്തലിച്ചു പൂത്തുലയാന്‍
നിന്റെ വേരുകളിലേക്ക്
ഞാന്‍ കിനിഞ്ഞിറങ്ങി
എന്റെ പുന്നാരങ്ങളും പരിഭവങ്ങളും ആണ്‌
നിന്നില്‍ പരാഗങ്ങളായ്
മാറിയത്‌
അങ്ങനെയാണ് നീയിപ്പോള്‍
കാറ്റിലുലയാത്തൊരു മാമരമായത്
എന്നാലും
എന്റെ കണ്ണൊന്നു തെറ്റിയാല്‍
നിന്റെ ശിഖരങ്ങള്‍ വാടുമെന്നും
നീ പൂക്കള്‍ പൊഴിക്കുമെന്നും
എനിക്കറിയാം
അതുകൊണ്ടാണ്
കണ്ണിമ പൂട്ടാതെ
ഞാന്‍ നിനക്ക് കാവല്‍ നില്‍ക്കുന്നത് Friday, 20 May 2011

ഡ്രൈവാഷ്‌

തരുമ്പോള്‍ത്തന്നെ
നീ പറഞ്ഞിരുന്നു-
നനയ്ക്കരുത്.
കല്ലിലിട്ടടിക്കരുത്
സോപ്പുപയോഗിക്കരുത് 
മുറുക്കിപ്പിഴിയരുത്  
വെയിലില്‍ ഉണക്കരുത്
ചൂടില്‍ ഇസ്തിരിയിടരുത്
എന്നാല്‍
തുണിയായാല്‍
നനച്ചലക്കണമെന്നു ഞാന്‍
അപ്പോള്‍
മരക്കൊമ്പുകളില്‍
കൊക്കുരുമ്മിയിരിക്കുന്ന
ഇണക്കിളിക്കൂട്ടം 
മറഞ്ഞു പോയി 
കസവ് കിന്നരികള്‍ 
പിഞ്ഞിപ്പോയി 
ചായമിളകിപ്പരന്നു 
അത് ചുരുങ്ങിപ്പോയി 
ഇനി നീ തരുന്നതൊന്നും
ഞാന്‍ വെള്ളത്തില്‍ 
കുതിര്‍ക്കില്ല 
ഡ്രൈ വാഷ്‌ മാത്രം

ഒരു ചോദ്യം

കാലമെത്രയായെന്നെയും തേടി ഞാന്‍
ലോകമെങ്ങും തിരഞ്ഞു നടക്കുന്നു