Wednesday, 25 May 2011

ഫുള്‍ സ്റ്റോപ്പ്‌

നീളത്തിലൂടെയും
വീതിയിലൂടെയും 
ഉയരത്തിലൂടെയും 
അടയാളപ്പെടുത്താനാവാത്ത  
മറ്റനേകം മാനങ്ങളിലൂടെയും 
ഞാന്‍ പെരുകുമെന്നും 
കത്തിപ്പടരുമെന്നും 
പേടിച്ചാണ് 
മറ്റെല്ലാ അക്ഷങ്ങളും വെട്ടി മാറ്റി 
നീയെന്നെ ഒരു നേര്‍വരയാക്കിയത്  
എന്നിട്ടും 
മുന കൂര്‍പ്പിച്ച് കൂര്‍പ്പിച്ച്
ഒരു അമ്പാക്കി മാറ്റി
ആകാശത്തേയും തുളച്ചു ഞാന്‍
പറക്കുമെന്നായപ്പോള്‍ 
പിന്നെയും പകുത്തു പകുത്തു 
നീയെന്നെ ഒരു ബിന്ദുവിലൊതുക്കി
ഇനിയുമെന്നെ വെട്ടി മുറിക്കാനോ 
മായ്ച്ചു കളയാനോ 
നിനക്കാവില്ല 
കാരണം 
നിന്‍റെ വാക്യങ്ങളെല്ലാം 
അര്‍ത്ഥപൂര്‍ണ്ണങ്ങളായി
അവസാനിക്കണമെങ്കില്‍
അടയാളപ്പെടുത്താന്‍
എന്നെത്തന്നെ വേണ്ടേ
നിനക്ക്?

4 comments:

  1. ആഹാ.. മികച്ച സ്ത്രീപക്ഷ രചന..

    ReplyDelete
  2. മുന കൂര്‍പ്പിച്ച് കൂര്‍പ്പിച്ച്
    ഒരു അമ്പാക്കി മാറ്റി
    ആകാശത്തേയും തുളച്ചു ഞാന്‍

    മനോഹരം.. ആശംസ്കൾ

    ReplyDelete
  3. ഫെമിനിസം അല്പം ഉണ്ടോ എന്നൊരു സംശയമില്ലാതില്ല:) പക്ഷെ കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  4. Ha! Beautiful Irony! Loved it!

    ReplyDelete